04:37pm 13 September 2026
NEWS
പി.പത്മരാജന്റെ കഥാലോകം; വ്യക്തിപരമായ അനുഭവ പശ്ചാത്തലം
23/02/2025  08:04 AM IST
എം. ദേവദാസ്
പി.പത്മരാജന്റെ കഥാലോകം; വ്യക്തിപരമായ അനുഭവ പശ്ചാത്തലം

വിക്‌ടോറിയ തടാകം 'ശ്യാമകാണ്ഡം' നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്?

എന്റെ കെനിയൻ ജീവിതത്തിന്റെ ഭൂരിഭാഗവും വിക്‌ടോറിയ തടാകത്തിന്റെ തീരത്താണ് ഞാൻ കഴിച്ചുകൂട്ടിയത്. കാരണം, ഞാൻ പഠിപ്പിച്ചിരുന്ന ബൂംബേ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌ക്കൂളും എന്റെ വാസസ്ഥലവും എല്ലാം ഈ തടാകതീരത്തായിരുന്നു. അക്കരെ അവ്യക്തമായി കാണുന്ന ഉഗാണ്ടൻ കുന്നുകളും ഇക്കരെയുള്ള ഒഡിയാഡോ മലകളും നീലജലാശയത്തിലെ ചെറുതിരകൾ പോലെയുള്ള വലിയ ഓളങ്ങളും കുറ്റിച്ചെടികൾ നിറഞ്ഞ, ആഫ്രിക്കൻ പക്ഷികളും, മോണിട്ടർ ലിസാർഡുകളും യഥേഷ്ടം വിഹരിക്കുന്ന കുഞ്ഞൻ ദ്വീപുകളും ഒക്കെക്കൂടി മനസ്സിൽ കോറിയിട്ട ഒരു എണ്ണഛായാ ചിത്രം നോവലിന്റെ തന്നെ പശ്ചാത്തലമായപ്പോൾ സ്വാഭാവികമായും വിക്‌ടോറിയ തടാകവും ഒരു പ്രധാന കഥാപാത്രമായി മാറുകയായിരുന്നു.

ഒരിക്കൽ എന്നോട് പറഞ്ഞതോർക്കുന്നു, വിക്‌ടോറിയ ഒരു കൊച്ചുകടലാണെന്ന്. കൂടുതൽ വിശദീകരിക്കാമോ?

ചരിത്രാതീതകാലത്തെന്നോ സംഭവിച്ച വലിയൊരു ഭൂചലനത്തിന്റെ ഫലമെന്നോണം സംഭവിച്ച മറ്റൊരു മഹാത്ഭുതമാണ് വിക്‌ടോറിയ തടാകം! നൈൽ നദിയുടെ അമ്മ എന്ന സ്ഥാനപ്പേര് കൂടി വഹിക്കുന്ന ഈ തടാകത്തെ ദൂരെ നിന്ന് വീക്ഷിക്കുന്ന ഏതൊരാൾക്കും അലകളടങ്ങിയ, ഇളം നീലപ്പരപ്പുള്ള ഒരു സമുദ്രമാണെന്നേ തോന്നുകയുള്ളൂ. ദൂരെ ചക്രവാളങ്ങൾ! ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 100 മീറ്ററാണ്. വിക്‌ടോറിയ തടാകത്തെ ചുറ്റിക്കിടക്കുന്ന രാജ്യങ്ങളായ കെനിയ, ടാൻസാനിയ, ഉഗാണ്ട, ബുറുൻഡി എന്നീ രാജ്യങ്ങൾ തമ്മിൽ കപ്പൽ സർവ്വീസുപോലും നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ തടാകത്തിന്റെ വിസ്തീർണ്ണത്തെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളല്ലോ? 359 കി.മീ നീളവും 337 കിലോമീറ്റർ മാക്‌സിമം വീതിയുമുണ്ട് ഈ തടാകത്തിന്.

കെനിയയിലെ സ്ത്രീമേധാവിത്വം നോവലിൽ ഭംഗിയായി വിവരിക്കുന്നുണ്ട്. ഒന്ന് വിശദീകരിക്കാമോ?

തീരെ കെട്ടുറപ്പില്ലാത്ത ഒരു കുടുംബവ്യവസ്ഥയാണ് കെനിയയിലേത്. ഇവിടുത്തെ സ്ത്രീധന സമ്പ്രദായത്തിലും വ്യത്യസ്തതകളുണ്ട്. പുരുഷൻ വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർക്ക് 'പെൺപണം' നൽകേണ്ടതായിട്ടുണ്ട്. അത് മിക്കവാറും പശുക്കളുടെ എണ്ണത്തിന് സമാനമായിരിക്കും. രാജ്യത്ത് ബഹുഭാര്യാത്വത്തിന് നിയമസാധുതയുള്ളതിനാൽ ധനികരായ പുരുഷന്മാർ ധാരാളം പശുക്കളെ നൽകി ഒക്കുന്നിടത്തോളം വിവാഹങ്ങൾ കഴിച്ചുകൂട്ടുന്നു. അതേസമയം പശുക്കളെ നൽകാൻ നിവൃത്തിയില്ലാത്ത ദരിദ്രരായ ചെറുപ്പക്കാർ വിവാഹം ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നു. എങ്കിലും ലൈംഗികമായ അരാജകത്വം ഇവിടെയുള്ള ചെറുപ്പക്കാർക്കിടയിൽ ഇല്ല. രാജ്യത്താകെ ഒരു ഹിഡൻ ലൂസ് മൊറേൽ നിലനിൽക്കുന്നുണ്ട്. ഭാര്യാഭർത്തൃബന്ധത്തിലും ഉറച്ച അടിത്തറയൊന്നുമില്ല. ചില ഗോത്രത്തിലെ പെൺകുട്ടികൾ ഒന്ന് പ്രസവിച്ചുകാണിച്ചാലെ അവരുടെ വിവാഹം നടക്കുകയുള്ളൂ. ചാരിത്ര്യശുദ്ധി, പാതിവ്രത്യം എന്നിവകളെക്കുറിച്ച് ഇവർക്ക് പൊതുവേ വലിയ ജ്ഞാനമൊന്നുമില്ല. വിവാഹങ്ങൾ വെറുതെ പറഞ്ഞൊഴിയുന്ന, അല്ലെങ്കിൽ ബന്ധം വിടർത്തി രണ്ട് വഴിക്ക് പോകുന്ന ഒരു വെറും ചടങ്ങുമാത്രമാകുന്നു. പരസ്പര സാദ്ധ്യതകൾ ഇല്ലാതെയുള്ള ജീവിതം ഇവിടുത്തെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. ഭാര്യാഭർത്തൃകലഹ സമയത്ത് ഇവിടുത്തെ സ്ത്രീകൾ കൂടുതൽ വയലന്റാകുക പതിവാണ്. മിക്ക സ്ത്രീകളും സ്വയം പരിശ്രമിച്ചുജീവിക്കുന്നവരാകയാൽ സ്വാഭാവികമായും സ്ത്രീ മേധാവിത്വം സാധാരണമാണ്. നോവലിലും ഞാൻ ഇതേകാര്യങ്ങൾ തന്നെയാണ് പറഞ്ഞുവയ്ക്കുന്നത്.

ദേവദാസിന്റെ നോവലുകളിലും കഥകളിലും അന്ത്യരംഗം സ്‌തോഭകരമാണ്. ഒന്ന് വിശദീകരിക്കാമോ? ഉദാഹരണത്തിന് ശ്യാമകാണ്ഡവും മോഴ എന്ന കഥയും?

ശ്യാമകാണ്ഡം കൊടുംദുരന്തത്തിലേയ്ക്ക് വഴിതെറ്റിപ്പോകുന്ന ഒരു യുവാവിന്റെ കഥയാണ്. അത്തരം ഒരു ഇതിവൃത്തത്തിന് സുഖപര്യവസാനം ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അത് മുന്നിൽ കണ്ടുകൊണ്ടുതന്നെ അന്ത്യരംഗങ്ങൾക്ക് കൂടുതൽ കൊഴുപ്പുകൂട്ടാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചിട്ടുണ്ട്. ചില വായനക്കാരിൽ അത് പ്രതീക്ഷിക്കാത്ത ഞെട്ടൽ തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു. ഇത്രയും ക്രൂരത വേണമായിരുന്നോ എന്ന് പലരും നേരിട്ടും ഫോണിലൂടെയും ചോദിച്ചിട്ടുണ്ട്. എഴുത്തുകാരൻ ഒരു കഠിനഹൃദയത്തിന്റെ ഉടമയാണെന്നുവരെയുള്ള കമന്റുകൾ ഞാൻ തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

'മോഴ'യെക്കുറിച്ച് പറഞ്ഞാൽ കഥ അവസാനിപ്പിച്ചത് വായനക്കാരെക്കൂടി ഒരുപരിധിവരെ അനിശ്ചിതത്വത്തിന്റെ തടവിലാക്കിക്കൊണ്ടാണ്. വർഷങ്ങൾക്ക് മുമ്പ് കാണാതായ ഇരട്ടകവികളിൽ ഒരാളെ ട്രാൻസ്ജന്ററായി ട്രെയിൻയാത്രയ്ക്കിടയിൽ തിരിച്ചറിയുക. തിരിച്ചറിയപ്പെട്ട ട്രാൻസ്‌ജെന്റർ തന്റെ അച്ഛനിൽ നിന്നും ഇരട്ട സഹോദരനിൽ നിന്നും പിടികൊടുക്കാതെ രക്ഷപ്പെട്ടോടുക. ട്രെയിന്റെ ചങ്ങല പിടിച്ചുവലിച്ചുനിരത്തിച്ചിട്ട് കുറ്റിക്കാടുകളുടെ വിജനതയിലൂടെ ഓടിമറയുന്ന സ്വന്തം രക്തത്തെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന അച്ഛനും മകനും മറ്റൊരു നടുക്കുന്ന വാർത്ത കേട്ട് ഭവിഷ്യത്തുകളുടെ നിശ്ചലതകളിലേക്ക് അപ്പൂപ്പൻതാടികൾ പോലെ പതിക്കുന്ന അന്ത്യരംഗം.തീർത്ഥാടനത്തിന് സഹായം അഭ്യർത്ഥിച്ചു കൂടെവന്ന അയൽക്കാരന്റെ മൃതശരീരം ഒരു ബാധ്യതയാവുകയും അതേസമയം മധ്യപ്രദേശിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലെ ഹിജഡകളുടെ കോളനിയിലേക്ക് ഓടിമറഞ്ഞ മകന്റെ, സഹോദരന്റെ ദൈന്യവും കൂടിക്കലർന്ന സ്‌തോഭകരമായ മുഹൂർത്തം 'ശ്യാമകാണ്ഡം' പോലെ തന്നെ ക്രൂരമായ ഒരന്ത്യത്തെയാണ് ഞാനിവിടെയും ഇഷ്ടപ്പെട്ടത്.

'മോഴ' ട്രാൻസ്‌ജെന്ററുകളെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ച കഥയാണ്. എങ്ങനെയാണ് അതെഴുതാൻ പ്രചോദനമായത്? ട്രാൻസ്‌ജെന്ററുകളുടെ ജീവിതം വിശദമായി പഠിച്ചോ?

ട്രാൻസ്‌ജെന്ററുകളെ യാത്രയ്ക്കിടയിൽ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. അപ്പോഴൊക്കെ വളരെ കൗതുകത്തോടെ അവരുടെ ചേഷ്ടകളെ ശ്രദ്ധിക്കാറുണ്ട്. അവരുടെ ജീവിതത്തെക്കുറിച്ച് വിശദമായ ഒരു പഠനമൊന്നും നടത്തിയിട്ടില്ല. അർദ്ധനാരി എന്ന പേരിലിറങ്ങിയ ഒരു സിനിമ കണ്ടിട്ടുണ്ട്. കൂടാതെ ജെറീന എന്ന ട്രാൻസ്‌ജെന്റർ എഴുതിയ 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ'എന്ന പുസ്തകവും വായിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും 'മോഴ' എഴുതുമ്പോൾ എന്നെ സ്വാധീനിച്ചിട്ടില്ല. മോഴയെന്ന കഥയ്ക്ക് സ്വാധീനമായത് വാരാണസിയിലേക്കുള്ള എന്റെ ട്രെയിൻയാത്രയാണ്. മധ്യപ്രദേശ് എത്തിയതോടെ ഹിജഡകളുടെ ശല്യം രൂക്ഷമായി. ചെറുപ്പക്കാരെ ശല്യം ചെയ്ത് കാശുവാങ്ങുന്ന ചില അസുഖകരങ്ങളായ സന്ദർഭങ്ങളാണ് എന്നിലേക്ക് കഥാബീജം ആവേശിപ്പിച്ചത്.

പെരുവഴിയമ്പലം ആ കഥാപശ്ചാത്തലം, 'മഞ്ഞനീരാട്ട്' കഥയുടെ ആവിർഭാവം?

കഴിഞ്ഞ നൂറ്റാണ്ടിലെ അൻപതുകളിൽ മുതുകുളത്തുനടന്ന ഒരനിഷ്ട സംഭവത്തെ കാൽപ്പനികതയുടെ ഉലയിൽ രൂപപ്പെടുത്തി സ്ഫുടം ചെയ്‌തെടുത്ത് പി. പത്മരാജൻ എന്ന പ്രതിഭാശാലി തന്റെ തനതായ ശൈലിയിൽ എഴുതിയ ഒരു ലഘുനോവലാണ് പെരുവഴിയമ്പലം. തകര, കള്ളൻ പവിത്രൻ, ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം എന്നീ ഓണാട്ടുകര സംബന്ധികളായ നോവലുകൾ പോലെ പെരുവഴിയമ്പലവും വീണുകിട്ടിയ ചില സ്പാർക്കുകളിൽ നിന്നോ തെറ്റായി കേട്ടറിഞ്ഞ കഥാബീജങ്ങളിൽ നിന്നോ അദ്ദേഹം സ്വന്തം ഭാവനയ്ക്കനുസരിച്ച് വികസിപ്പിച്ചെടുത്തതാണ്. നേരായ സംഭവങ്ങളുമായി 'പെരുവഴിയമ്പലത്തി'നും അതുകൊണ്ടു തന്നെ വളരെയേറെ സാദ്ധ്യത കുറവുണ്ട്. അന്ന് മുതുകുളത്ത് കൊല്ലപ്പെട്ട വ്യക്തി എന്റെ സ്വന്തം അമ്മാവനാണ്. വെറും 31 വയസ്സായപ്പോഴേക്കും പ്രായത്തിലേറെ കാര്യപ്രാപ്തിയും പക്വതയും ആർജ്ജിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനസമ്മതനും. നാട്ടിലെ ചില്ലറ അതിരുവഴക്കുകളും അടിപിടിക്കേസുകളും ചില കുടുംബങ്ങളിലെ ഗാർഹിക പ്രശ്‌നങ്ങളും മറ്റും അദ്ദേഹത്തിന്റെ ഇടപെടലിൽ പോലീസ്  സ്റ്റേഷൻ വരെ എത്താതെ ഒത്തുതീർപ്പാക്കുന്നതിൽ അദ്ദേഹം വഹിച്ചുപോന്ന പങ്കിൽ നാട്ടുകാർക്കും മതിപ്പുണ്ടായിരുന്നു. അനുദിനം അദ്ദേഹത്തിന്റെ പ്രതിഛായ ഒരു പ്രമാണിയുടെ പരിവേഷത്തിലേയ്ക്ക് ഉയർന്നുവരുന്നതിൽ സ്വസമുദായത്തിൽ നിന്നുള്ളവരും ബന്ധുകുടുംബങ്ങളിൽ നിന്നുള്ളവരിൽ ചിലർ പോലും അസ്വസ്ഥരായിരുന്നു. വിശ്വകർമ്മ സമുദായത്തിൽപ്പെട്ട യുവതിയോട് തോന്നിയ പ്രണയം, ഈ യുവതിയെ വിവാഹം കഴിക്കാനിരുന്ന നായർ യുവാവ് ഇതറിഞ്ഞു കോപാകുലനാകുന്നു. പോരാത്തതിന് നായർ മേധാവിത്വം നിലനിന്നിരുന്ന അന്നത്തെ കാലം. ചെട്ടിയാന്മാരുടെ അമ്പലത്തിലെ ഒരു ഉത്സവനാളിൽ ഈ വിശ്വകർമ്മയുവാവിനെ നായർ യുവാവും കൂട്ടുകാരനും ചേർന്ന്  ടി അമ്പലപ്പറമ്പിലിട്ട് മർദ്ദിക്കുന്നു. മർദ്ദനമേറ്റ യുവാവ് വീണ്ടും അമ്പലപ്പറമ്പിലേക്ക് വന്നതറിഞ്ഞ് ക്ഷേത്രമൂപ്പൻ ഗോപാലകൃഷ്ണപിള്ള എന്ന എന്റെ അമ്മാവന്റെ സഹായം തേടുന്നത് മറ്റൊരു സംഘർഷം ഒഴിവാക്കാൻ വേണ്ടിയായിരുന്നു. അത് പ്രകാരം അമ്മാവൻ ആ പയ്യനെ അനുനയിപ്പിച്ച് മടക്കി അയയ്ക്കാൻ വേണ്ടി അമ്പലപ്പറമ്പിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിലേക്ക് രാത്രി വിളിച്ചുകൊണ്ടുപോകുന്നു. എന്നാൽ ആ പയ്യൻ തെറ്റിദ്ധരിച്ചത് വീണ്ടും തന്നെ മർദ്ദിച്ചു അപായപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരിക്കാം എന്നാണ്. രക്ഷപ്പെടാനുള്ള ത്വരയോടെ അവൻ അമ്മാവനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ഒരേ ഒരു കുത്ത്. അത് പക്ഷേ അമ്മാവന്റെ ജീവനെടുക്കാൻ പര്യാപ്തമായിരുന്നു.

ഈ സംഭവത്തിനുശേഷം പ്രതിയെ ഒളിപ്പിക്കുന്നതിനും വേണ്ട നിയമസഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനും കൂടുതൽ ഒത്താശ ചെയ്തതും മേൽപറഞ്ഞ അമ്മാവന്റെ ചില അകന്ന ബന്ധുക്കൾ തന്നെയായിരുന്നു. അതോടെ കൊലക്കേസ് പ്രതിയ്ക്ക് ചില പ്രത്യേക പരിവേഷങ്ങൾ ലഭിച്ചു.

സംഭവം നടക്കുമ്പോൾ കേവലം 11 വയസ്സുമാത്രം പ്രായമുള്ള പത്മരാജൻ ചേട്ടന് ഈ സംഭവങ്ങളുടെ നിജസ്ഥിതി ഒന്നും അറിയാനുള്ള പ്രായമില്ലെന്ന് ഊഹിക്കാമല്ലോ. 1956 ൽ നടന്ന സംഭവത്തെക്കുറിച്ച് 1976 ൽ അതായത് ഇരുപത് വർഷങ്ങൾക്കുശേഷമാണ് പത്മരാജൻ ചേട്ടൻ 'പെരുവഴിയമ്പലം' എന്ന നോവൽ 'മാതൃഭൂമി'യിലൂടെ പ്രസിദ്ധീകരിക്കുന്നത്. അപ്പോഴേക്കും പൊടിപ്പും തൊങ്ങലും വച്ച കുറേ കള്ളക്കഥകൾ പ്രചരിപ്പിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിരുന്നു. ഈ കഥകളുടെ കൂടി കൂട്ടിച്ചേർക്കലുകളോടെയാണ് അദ്ദേഹം നോവൽ എഴുതിയതെന്ന് തോന്നുന്നു.

പെരുവഴിയമ്പലം കഥയിലെ ശരിക്കുള്ള നായകൻ വാണിയൻ കുഞ്ചുവിന്റെ മകൻ രാമനോ, എന്റെ മഞ്ഞനീരാട്ടിലെ ചെമ്മാൻ നാണപ്പന്റെ മകൻ അച്യുതനോ അല്ല. മറിച്ച് ഒരു വിശ്വകർമ്മജൻ ആയിരുന്നു. വണികവൈശ്യരുടെ അമ്മൻ കോവിലിൽ നടന്ന സംഭവം ആകയാലാവാം പത്മരാജൻചേട്ടൻ നായകനെ വാണിയൻ കുഞ്ചുവിന്റെ മകൻ രാമനായി അവതരിപ്പിച്ചത്.

ഇനി 'മഞ്ഞനീരാട്ട്' എന്ന നോവലിന്റെ ആവിർഭാവത്തെപ്പറ്റി പറയാം.

1976 ൽ പ്രസിദ്ധീകരിച്ച പെരുവഴിയമ്പലത്തിന് മുപ്പത് വർഷങ്ങൾക്കുശേഷമാണ്(2006) എനിക്ക് മഞ്ഞനീരാട്ട് എന്ന നോവൽ പ്രസിദ്ധീകരിക്കേണ്ടി വന്നത്. കൊല്ലം സൈന്ധവ ബുക്‌സാണ് ഈ നോവലിന്റെ പ്രസാധകർ. ഉദ്ദേശിച്ചിരുന്ന സമപരിധിക്കുള്ളിൽ ഈ പുസ്തകം പുറത്തിറക്കുന്നതിൽ അവരുടെ പങ്ക് സ്തുത്യർഹമാണ്.

1991 ൽ പത്മരാജൻ ചേട്ടൻ ദിവംഗതനാകുന്നതുവരെ, മഞ്ഞനീരാട്ട് തുടങ്ങി അദ്ദേഹത്തിന്റെ ഓണാട്ടുകര പശ്ചാത്തലമുള്ള ഒരു സാഹിത്യ സൃഷ്ടിയെക്കുറിച്ചും യാതൊരു കാലദേശപരാമർശങ്ങളും ഉണ്ടായിരുന്നില്ല. പത്മരാജൻ ചേട്ടനും ഒരു വേദിയിലും ഒരു മുഖാമുഖത്തിലും തന്റെ സൃഷ്ടികളെക്കുറിച്ച് അങ്ങനെയുള്ള പരാമർശങ്ങൾ നടത്തുന്ന ആളുമല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം നടത്തി വന്നിരുന്ന വാർഷിക പരിപാടിയിൽ ചില പത്രറിപ്പോർട്ടർമാരെ സ്വാധീനിച്ച് അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്ക് പിന്നിലുള്ള യഥാർത്ഥ സംഭവങ്ങളെ പുറംലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ശ്രമം ചില ലോബികൾ ആരംഭിച്ചുതുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പരാമർശിക്കപ്പെട്ടതും സ്വഭാവഹത്യയ്ക്ക് വിധേയപ്പെട്ടതും പെരുവഴിയമ്പലം എന്ന നോവലും അതിലെ വില്ലൻ കഥാപാത്രമായ പ്രഭാകരൻ പിള്ളയുമായിരുന്നു. കെട്ടുകഥകൾ സൃഷ്ടിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്ത ചില മനോരോഗികൾ പ്രഭാകരൻ പിള്ളയിലൂടെ താറടിച്ചുകാണിച്ചതും വില്ലന്റെയും വിടന്റെയുമൊക്കെ ആടയാഭരണങ്ങൾ ചാർത്തിക്കൊടുത്തതും എന്റെ മാതുലൻ ഗോപാലകൃഷ്ണപിള്ളയാണ്. നോവലിൽ പത്മരാജൻ ചേട്ടൻ ഭാവനാത്മകമായി അവതരിപ്പിച്ച പ്രഭാകരൻ പിള്ള എന്ന വില്ലൻ 100% വും ഗോപാലകൃഷ്ണപിള്ളയുടെ പ്രതിനിധിയാണ് അല്ലെങ്കിൽ പ്രതിരൂപമാണ് എന്ന തരത്തിലുള്ള കള്ളക്കഥകളും പ്രചരണങ്ങളുമാണ് ഈ ഗൂഢസംഘം പത്ര, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഒടുവിൽ അമ്മാവന്റെ പേരും തറവാട്ട് വീടിന്റെ പേരുവരെ പച്ചയായി പറഞ്ഞ് ലേഖനങ്ങൾ വരാൻ തുടങ്ങിയതോടെ ഇനി ക്ഷമിച്ചിരുന്നിട്ട് കാര്യമില്ല എന്നു നിശ്ചയിച്ചു. അങ്ങനെയാണ് മഞ്ഞനീരാട്ട് എന്ന നോവലെഴുതാൻ തീരുമാനിച്ചത്. നടന്ന സംഭവങ്ങളുമായി കൂടുതൽ സാമ്യപ്പെടുത്തിയാണ് ഞാൻ ഇതിന്റെ രചന നിർവ്വഹിച്ചത്. പി. പത്മരാജൻ അനുഭവങ്ങൾ- ഓർമ്മകൾ എന്ന എന്റെ പുസ്തകത്തിൽ ഞാൻ ഇതേക്കുറിച്ചെല്ലാം വിശദമായി എഴുതിയിട്ടുണ്ട്.

പത്മരാജനുമായുള്ള കുടുംബ, വ്യക്തിബന്ധം? ആ പുസ്തകം വിശദീകരിക്കാമോ?

പത്മരാജൻ ചേട്ടനും ഞാനും മുതുകുളം വടക്കുംമുറിയിലെ പുരാതനവും പ്രശസ്തവുമായ 'ചെന്നാട്ട്' എന്ന നായർ കുടുംബത്തിലെ തായ്‌വഴിയിലും മകൾ വഴിയിലും പെട്ടവരാണ്. അതായത് എന്റെ അമ്മയുടെ പിതാവ് പരേതനായ ചെന്നാട്ട് ശങ്കുപ്പിള്ള എന്ന കാരണവരുടെ അനന്തരവളായിരുന്നു പത്മരാജൻ ചേട്ടന്റെ അമ്മ ഞവരയ്ക്കൽ ദേവകിയമ്മ. ഒരു നെറ്റ് വർക്ക് പോലെ വ്യാപരിച്ചുകിടക്കുന്ന ഈ മൂലകുടുംബത്തിന് ശാഖകളും ഉപശാഖകളുമായി, മുതുകുളത്തും സംസ്ഥാനത്തും അതും പോരാഞ്ഞ് വിദൂരസ്ഥലങ്ങളിലും വിദേശങ്ങളിലുമായിപ്പോലും നിരവധി വീടുകളുണ്ട്.

അദ്ദേഹവുമായുള്ള വ്യക്തിബന്ധം എനിക്ക് ഓർമ്മവെച്ച നാൾ മുതൽ അല്ലെങ്കിൽ എന്റെ ബാല്യാവസ്ഥയിൽ തുടങ്ങിയതാണ്. കാരണം, ഞങ്ങളുടേത് അയൽവീടുകൾ കൂടിയായിരുന്നല്ലോ. എല്ലാറ്റിലുമുപരി അദ്ദേഹത്തിന്റെ ലോകം അറിയുന്ന ചലച്ചിത്രകാരൻ എന്ന പദവിയിലേക്കുള്ള ഉയർച്ചയുടെ എല്ലാ ഘട്ടങ്ങളിലെയും ഒരു നിശ്ശബ്ദ വീക്ഷണത്തിന് ഉടമയുമായിരുന്നു ഞാൻ. എങ്കിലും എന്റെ കുട്ടിക്കാലത്ത് എന്നെ ഏറെ ഭ്രമിപ്പിച്ച്, അദ്ദേഹത്തെ എന്റെ ഒരു 'റോൾ മോഡൽ' എന്ന പദവിയിലേക്ക് അല്ലെങ്കിൽ സിംഹാസനത്തിലേയ്ക്ക് കുടിയിരുത്താൻ പര്യാപ്തമായ ചില ബാല്യകാല ഓർമ്മകൾ തന്നെയാണ് ഇന്നും എന്റെ മനസ്സിൽ കൂടുതൽ ആകർഷകമായി നിൽക്കുന്നത്. ഈ ഓർമ്മകളുടെ ചുവടുപിടിച്ചാണ് 'പി.പത്മരാജൻ -അനുഭവങ്ങൾ, ഓർമ്മകൾ' എന്ന പുസ്തകം ഞാൻ എഴുതിയിട്ടുള്ളതും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img